സാരിയുടെ കഥ - History of Indian Saree

സാരിക്കുണ്ടൊരു കഥ പറയാൻ


ഒരു മുഴം നീളമുള്ള തുണിയെന്ന ലളിതമായ തുടക്കത്തിൽ നിന്ന് എത്രയോ ഫാഷനുകളിലൂടെ യാത്ര ചെയ്ത് ഇന്നും ലക്ഷണമൊത്ത വസ്ത്രമായി നിലകൊള്ളുന്ന അത്ഭുതമാണ് സാരി. ഏതൊക്കെ മോഡേൺ വേഷങ്ങൾ വന്നാലും സാരി തന്നെ നമ്പർ വൺ. സാരിക്കുമുണ്ട് ഒരു കഥ
നന്ദിനിയുടെ വിവാഹം അടുത്തടുത്തു വരുന്നു. ഏതു പെൺകൊടിക്കും ആകാംക്ഷയും പരിഭ്രമവും, ഉദ്യോഗവും വളരുന്ന നിമിഷങ്ങൾ! എന്നാൽ ഇതൊന്നുമല്ല നന്ദിനിക്കുട്ടിയുടെ മനസ്സിൽ. കല്യാണത്തിനു സാരി ഉടുക്കണമല്ലോ? കേട്ടാൽ ആരും ചിരിച്ചു പോകുന്ന ഒരു പ്രശ്നം. പഠിച്ചു മിടുക്കിയായ ഐ. റ്റി. എൻജിനീയറായി പേരെടുത്ത നന്ദിനിക്ക് മോഡേൺ വസ്ത്രങ്ങളോടാണിഷ്ടം. ഇഷ്ടങ്ങൾ തുറന്നു പറയാൻ മടിക്കാത്ത നന്ദിനിക്കുട്ടി അമ്മയോട് കെഞ്ചി. - അമ്മേ ഞാൻ കല്യാണത്തിനു ചുരിദാർ ധരിച്ചോട്ടെ.
ഏയ് അതൊന്നും നടപ്പില്ല. ആരെങ്കിലും ചുരിദാർ ഇട്ടോണ്ട് കല്യാണമണ്ഡപത്തിൽ കയറുന്നത് മോളു കണ്ടിട്ടുണ്ടോ? ഒരാളെങ്കിലും അതു തുടങ്ങിവക്കണ്ട അമ്മേ?
അതൊന്നും പറ്റില്ല മോളെ. അമ്മൂമ്മ ഇടപെട്ടു. അമ്മൂമ്മയുടെ മടിയിൽ തല ചായ്ച്ച് കഥകൾ കേട്ടുറങ്ങിയ ബാല്യത്തിന്റെ സ്മരണയാണ് മനസ്സിലെപ്പോഴും. അപ്പോഴിനി മോചനമില്ല. നന്ദിനി. ജോലിസ്ഥലത്ത് ജീൻസും ടോപ്പുമൊക്കെയിട്ടു നീ പോയപ്പോൾ ഞാനെതിർത്തോ?   ഇല്ലല്ലോ. ഇതങ്ങനെയല്ല. വിവാഹം കാണാനെത്തുന്നവരുടെ നെറ്റിചുളിപ്പിക്കേണ്ട. അമ്മ അവസാനവാക്കു പറഞ്ഞു.
വിവാഹദിനമായി. വാടാമുല്ല നിറത്തിൽ കസവു പുള്ളികളും പല്ലവുമുള്ള പട്ടുസാരി ഞൊറിഞ്ഞുടുക്കാൻ ബ്യൂട്ടിഷ്യനോടൊപ്പം അമ്മയും ചേച്ചിയും എല്ലാം സഹായിച്ചു. ബ്രൈഡൽ മേക്കപ്പും ആഭരണങ്ങളും കൂടിയായപ്പോൾ നിലക്കണ്ണാടിയിൽ കണ്ട രൂപം തന്റേതാണോ എന്നു നന്ദിനിക്കുട്ടിക്കു സംശയം തോന്നി. ഉയരം അല്പം കൂടിയോ ഇത്രയും വണ്ണം എങ്ങനെ കിട്ടി ? മുഖത്തു നിന്നും അതുവരെയുണ്ടായിരുന്ന കുട്ടിത്തം മാറി ലേശം ഗൗരവവും നാണവും അത്ഭുതവുമെല്ലാം കലർന്ന രൂപം. ഒരു നിമിഷം കൊണ്ട് ഒരു പ്രൗഢ വനിതയായതുപോലെ. കണ്ടവർ കണ്ടവർ നോക്കി നിന്നുപോയി.
-ഇപ്പോഴെന്തു പറയുന്നു മോളെ. അമ്മ നന്ദിനിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. നന്ദിനിക്കുട്ടി നിറഞ്ഞ ചിരിയോടെ നിന്നു.
ഇതിനെയാണ് സാരി മാജിക്ക് എന്നു പറയുന്നത്.  


ഏതാനും മുഴം നിളമുള്ള ഒരു തുണിക്കഷണത്തിന്റെ ഇന്ദ്രജാലം, ഇനം, നിറം, ഡിസൈൻ, നെയ്തരീതി, ഉടുക്കുന്ന രീതി, എന്നിവയിലൂടെ ഈ തുണി പെൺകുട്ടിക്ക് കുലീനതയും ആഭിജാത്യവും ഊർജസ്വലതയുമെല്ലാം പ്രദാനം ചെയ്യുന്നു. സാരിയുടെ സിദ്ധികൾ തീരുന്നില്ല. ഉയരം കൂടിയ കുട്ടിയുടെ ഉയരം കുറക്കുമത്. അഥവാ ഉയരം കുറഞ്ഞാൽ അതു കൂട്ടാനും സാരിക്കു കഴിയും. മെലിഞ്ഞ കുട്ടിക്ക് വണ്ണം കൂട്ടികൊടുക്കും. വണ്ണമുള്ള കുട്ടിയെ മെലിഞ്ഞതാക്കും. ഇതെല്ലാം ഡിസൈനിലൂടെ കാണികൾക്കനുഭവപ്പെടുന്ന തോന്നലാണെന്നു മാത്രം. കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാരികളിൽ അവരവർക്ക് ഇണങ്ങിയ സാരി തെരഞ്ഞെടുക്കണമെന്നുമാത്രം. അതിനു സമയമെടുക്കണം. ക്ഷമ കെടുന്ന ഭർത്താവിനെയും അച്ഛനെയും ഷോറൂമിലെ കസേരയിൽ പിടിച്ചിരുത്തി ഓരോ പത്രം കൈയ്യിൽ പിടിപ്പിച്ചിട്ട് അമ്മയോടൊപ്പമോ സഹോദരിമാർ, സുഹൃത്തുക്കൾ എന്നിവരോടൊപ്പമോ സാരികൾ കണ്ടു നടന്നു കൊള്ളൂ. അവരവരുടെ ബജറ്റിനനുസൃതനായി ഏറ്റവും യോജിച്ച സാരി കണ്ടുപിടിക്കൂ.
സാരിക്ക് ഈ പേര് കിട്ടിയതെങ്ങനെ എന്നറിയേണ്ട!
സംസ്കൃതത്തിലെ സാടിയോടാണതിന് കടപ്പാട്. ഒരു കഷ്ണം തുണിയെന്നേ അതിനർത്ഥമുള്ളൂ. ഹിന്ദിയിലും മറ്റും ഭാഷകളിലും അത് സാഡിയും സാരിയുമായി മാറി. തമിഴരുടെ ചേലയും സാരിയുടെ ഒരു പഴയപതിപ്പു തന്നെ.


പുരുഷനും സ്ത്രീയും അരയ്ക്കു കീഴിൽ മാത്രം വസ്ത്രം ധരിച്ചിരുന്ന കാലത്ത് അതിനായി മരവുരിയും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. പരുത്തി വസ്ത്രങ്ങൾ പ്രചാരത്തിലായപ്പോൾ അരയ്ക്കു താഴെ മറയ്ക്കുവാനേ അതുപയോഗിച്ചിരുന്നുള്ളൂ. ഒരു മുണ്ടു മാത്രം ഉടുത്ത് മറച്ചിരുന്ന ശീലം നമ്മുടെ കേരളത്തിൽ പോലും 20 നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ തുടർന്ന് പ്രായം ചെന്ന അമ്മൂമ്മമ്മാർ, കുറഞ്ഞ ജാതിക്കാർ, നമ്പൂതിരിയില്ലങ്ങളിലെ അന്തർജനങ്ങൾ, അവിടത്തെ വാല്യക്കാർ തുടങ്ങിയവരെല്ലാം അർദ്ധനഗ്നകളായാണ് ജീവിച്ചു പോന്നത്. സമൂഹത്തിന്റെ താഴത്തെത്തട്ടിൽ ഒരു പക്ഷേ ഇന്നും ഇത്തരക്കാരെ കാണാൻ കഴിഞ്ഞന്നുവരും.
ഉടുമുണ്ടിന്റെ ഒരു കോന്തല കൊണ്ട് മാറ് മറയ്ക്കുന്ന രീതി ക്രമേണ ശീലമാക്കി. പ്രത്യേകിച്ചും വീട്ടിലെത്തുന്ന അതിഥികളുടെ മുന്നിൽപെടുമ്പോൾ. ക്രമേണ ഉടുമുണ്ടിന്റെ നീളം കൂടി. അതിന്റെ ഒരറ്റം കൊണ്ട് മാറുമറയ്ക്കാമെന്നായി. ബ്ലൗസിടാതെ ഇങ്ങനെ മാറു മറയ്ക്കുന്ന രീതി ഇന്നും തമിഴ്നാട്ടിലെ കുഗ്രാമങ്ങളിൽ ചെന്നാൽ കാണാം. സാരിയിലേക്കുള്ള ചുവടു വയ്പാണിതും. അവരുടെ ചേലക്ക് സാരിയേക്കാൾ നീളമുണ്ട്. പില്ക്കാലത്ത് ബ്ലൗസ് പ്രചാരത്തിലായപ്പോഴും ചേലയുടുക്കുന്ന ശീലം അവിടങ്ങളിൽ നിലനില്ക്കുന്നു.
ഒരു തുണിക്കഷ്ണം കൊണ്ട് ശരീരം മറയ്ക്കുന്ന രീതിക്ക് സിന്ധു നദീതട സംസ്കാരത്തോളം പഴക്കമുണ്ട്. പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ഒരു പുരോഹിതന്റെ പ്രതിമയിൽ ഈ രീതിയിൽ മേൽവസ്ത്രം ധരിച്ചിരിക്കുന്നതു കാണാം. നമ്മുടെ ചിലപ്പതികാരത്തിലും സംസ്കത്രഗ്രന്ഥമായ കാദംബരിയിലും ഈ രീതിയിലുള്ള വസ്ത്രധാരണത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.
കാളിദാസന്റെയും സമകാലീനകവികളുടെയും കൃതികളിൽ സ്ത്രീകൾ മരവുരി കൊണ്ട് മാറിടങ്ങൾ മാത്രം മറക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു തരം പ്രാകൃതമായി ബേസിയേഴ്സ് തന്നെയാണിത്. തുണികൊണ്ടുള്ള സ്നപ്പട്ടയും മുണ്ടും പിൽക്കാലത്ത് പ്രചരിച്ചു. അതിഥികൾ വീട്ടിലെത്തുമ്പോൾ ഇതിനു മുകളിൽ അവർ കനം കുറഞ്ഞ ഉത്തരീയം ധരിക്കുന്ന രീതിയും വ്യാപിച്ചു. ഈ ശീലമാണ് കേരളത്തിൽ ഇന്നും നിലനിൽക്കുന്നത്. മുണ്ടും ബ്ലൗസും നേര്യതും ധരിച്ച് സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് സ്ഥിരം കാഴ്ചയാണ്. ഓണം, കേരളപ്പിറവി തുടങ്ങിയ നാളുകളിലും സ്ത്രീകൾ ഈ പാരമ്പര്യ വേഷം ധരിക്കാൻ ആഗ്രഹിക്കുന്നു. മുണ്ടും നേരിയതും ഇണക്കിയ രീതിയിലുള്ള നേര്യതുസാരി അവതരിപ്പിച്ചപ്പോൾ കേരളീയർ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രായമായ മിക്ക സ്ത്രീകളും മുണ്ടും നേര്യതും ധരിച്ചാണ് നടക്കാറ് പതിവ്.
ഇന്നത്തെ ബ്ളസിന്റെ പ്രാകൃത രൂപമാണ് റവുക്ക ദക്ഷിണേന്ത്യയിലാണിതിനു പ്രചാരം കിട്ടിയത്. മുൻവശം തുറക്കാവുന്ന ഈ റവുക്കയുടെ മുകൾ അറ്റം കൂട്ടിച്ചേർത്തിരിക്കും. ധരിച്ച ശേഷം അടിഭാഗത്ത് തുണിയുടെ അറ്റങ്ങൾ കൊണ്ട് മുറുക്കിക്കെട്ടിയായിരുന്നു ഇവർ നടന്നിരുന്നത്. റവുക്ക ഇടാനുള്ള സ്വാതന്ത്യം ഉയർന്ന ജാതിക്കാർക്ക് മാത്രമോ നല്കിയിരുന്നുള്ളൂ. തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കാനായി സമരം പോലും വേണ്ടി വന്നു. ഒരു രാജവിളംബരത്തിലൂടെയാണ് ഒടുവിൽ അവർക്കതിനുള്ള അവകാശം ലഭിച്ചത്. - 10 -ാം നൂറ്റാണ്ടിലാണ് ഉത്തരേന്ത്യയിൽ മാറുമറയ്ക്കാനുള്ള ചോളി പ്രത്യക്ഷപ്പെട്ടത്. മുന്നിൽ മാറു മറക്കുന്ന ഒരു കഷണം തുണിയെ നൂലുകൾ കൊണ്ട് പിൻഭാഗത്ത് കെട്ടി ധരിക്കുന്ന രീതിയിലാണ് ചോളി അവതരിപ്പിച്ചത്. ഇന്നും ഈ രീതി ഇവിടെ നിലനില്ക്കുന്നുണ്ട്. ഫാഷന്റെ ഭാഗമായി നഗരങ്ങളിലും സ്ത്രീകൾ ഈ രീതിയിൽ ഇന്നും ചോളി ധരിക്കുന്നതു കാണാം. പിൻഭാഗം മുഴുവനും ഓപ്പണക്കിയുള്ള ഈ രീതിക്ക് ദക്ഷിണേന്ത്യയിൽ ഇടം കിട്ടിയില്ല.
റവുക്കക്ക് വടക്കേ ഇന്ത്യക്കാർ നല്കിയ പേരാണം ചോളി എങ്കിലും ഈ പേരു വന്നത് ചോളരാജ്യത്തിൽ നിന്നാണ്. ചേര, ചോളാ പാണ്ഡ്യന്മാർ ദക്ഷിണേന്ത്യയിൽ നില നിന്ന രാജവംശങ്ങളാണെന്നു പ്രത്യേകം പറയണ്ടല്ലോ.
റവുക്കക്കും ചോദിക്കുമെല്ലാം കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചു. അങ്ങനെയാണ് ബ്ളസായി ഇവ ദക്ഷിണേന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയത്. ഈ ഇംഗ്ളീഷ് പേര് വടക്കേ ഇന്ത്യയിൽ പ്രചരിച്ചില്ല. അവിടെ ഇന്നും ചോളി തന്നെയാണ്. ബ്ളസിലെ പരിഷ്ക്കാരങ്ങൾ വന്നും പോലുമിരിക്കുന്നവയാണ്. കൈക്കു നീളം കൂട്ടുക, കുറയ്ക്കുക, ഇറക്കം കൂട്ടുക, കുറയുക, കഴുത്തിനുകീഴേക്കു നീട്ടിവെട്ടുക, പിന്നീട് കുറക്കുക, ബ്രേസിയർ കട്ട് ചെയ്ത ബ്ളസ് തയ്ക്കുക, സാരിക്കിണങ്ങുന്ന നിറങ്ങളിൽ തെക്കുക, കൈയ്യറ്റത്ത് കസവും നിറമുള്ള ബോർഡറുകളും പിടിപ്പിക്കുക, തോളറ്റത്ത് പഫ് ഘടിപ്പിക്കുക അങ്ങനെ എന്തെല്ലാം.
മുണ്ട് ഞൊറിഞ്ഞുടുക്കുന്ന രീതി ആദ്യമായി പ്രചരിച്ചത് ഗാന്ധാരം, മധുര, ഗുപ്തസാമ്രാജ്യം എന്നിവിടങ്ങളിലാണ്. ഞൊറികൾ കാലറ്റം വരെ നീളമായിരുന്നു. ഫലത്തിൽ സ്ത്രീകളുടെ രണ്ടു കാലുകളും മറയ്ക്കുന്ന രീതി നിലവിൽ വന്നു. ഒരു തരം മത്സ്യാകൃതി എന്നു പറയാം. ഈ രീതിയിൽ നിന്നാണ് സാരി ഞൊറിഞ്ഞുടുക്കുന്ന ശീലം നിലവിൽ വന്നു. ഒരു തരം മത്സ്യാകൃതി എന്നു പറയാം. ഈ രീതിയിൽ നിന്നാണ് സാരി ഞൊറിഞ്ഞുടുക്കുന്ന ശീലം നിലവിൽ വന്നത്. നടക്കുന്ന മത്സ്യകന്യകകളായാണ് നമ്മുടെ സ്ത്രീകൾ പ്രത്യക്ഷപ്പെടുക.
സാരിക്കും ബ്ളൗസിനു മിടയിലുള്ള ശരീരത്തിന്റെ മദ്ധ്യഭാഗം നഗമായിരിക്കത്തക്കവിധമാണല്ലോ ധരിക്കുക. എന്താണിങ്ങനെ ചെയ്യുന്നതെന്ന് പലർക്കും അറിഞ്ഞുകൂടാ. നമ്മുടെ സങ്കല്പമനുസരിച്ച് ശരീരത്തിന്റെ മദ്ധ്യഭാഗം അഥവാ നാഭി പ്രദേശം ജീവന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാവിഷ്ണവിന്റെ നാഭിയിൽ നിന്നും പൊന്തിയ താമരപ്പൂവിലാണല്ലോ ബ്രഹ്മാവു ജന്മം കൊണ്ടത്. ബ്രഹ്മാവാകട്ടെ സൃഷ്ടിയുടെ ദേവനുമാണ്. ( ഇക്കാലത്ത് ചിലർ ഈ ഭാഗം മറയ്ക്കുന്ന തരത്തിൽ ബ്ളൗസ് ഇറക്കിതയ്ക്കാറുള്ള കാര്യം വിസ്മരിക്കുന്നില്ല)
വിവാഹ സാരിയിൽ കച്ചവടക്കണ്ണുടക്കുന്ന കാലമാണല്ലോ ഇന്ന്. പണ്ട് ഒരു ചുവപ്പുസാരിയായിരുന്നു വിവാഹാവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. ഈ കീഴ്വഴക്കം ക്രമേണ മാറി. ഏത് നിറത്തിലുള്ള സാരിയും ധരിക്കാമെന്നു വന്നു. പക്ഷേ ഇക്കാലത്തെ വധുക്കൾക്ക് പട്ടു കൊണ്ടുള്ള സാരി തന്നെ വേണമെന്ന് നിർബന്ധമുണ്ട്. ഒപ്പം ധാരാളം കസവും ഉണ്ടായിരിക്കണം. നെയ്തുകാരന്റെ കരവിരുതിന് ധാരാളം അവസരം ലഭിക്കുന്ന ഒന്നാണ് വിവാഹത്തിനായി നെയ്യുക. ഇത്തരം സാരികൾക്കു വേണ്ടി എത്ര രൂപ കൊടുക്കാനും മാതാപിതാക്കൾ ഒരുക്കമാണ്. ഈ സാരി വിവാഹശേഷം അപൂർവ്വമായേ ഉടുക്കാറുള്ളൂ എന്നതും പ്രശ്നമല്ല. വധു മരണം വരെയും ഈ സാരി സൂക്ഷിച്ചു വയ്ക്കുന്നു. പട്ടടയിൽ മൃതദേഹത്തോടൊപ്പം ഈ സാരിയും എരിഞ്ഞെടങ്ങും. നമ്മുടെ സ്ത്രീ ജനങ്ങളിൽ സാരിക്കുള്ള സ്ഥാനത്തിന് ഇതിനപ്പുറം തെളിവുവേണോ?
 

No comments:

Post a Comment

Note: Only a member of this blog may post a comment.

സാന്ത്വനം serial 03 August 2021 episode

സാന്ത്വനം    serial 03 -08-2021  episode Please Open സീരിയൽ കാണാൻ  മുകളിൽ please open കാണുന്നടുത്തു press  ചെയ്യുക പരസ്യങ്ങൾ ഇല്ലാതെയും കുറഞ...